ആരോഗ്യം: ശരീരത്തിൻ്റെയും മനസ്സിൻ്റെയും പെർഫെക്റ്റ് ട്യൂണിംഗ്
ആരോഗ്യം എന്ന് പറയുന്നത് കൃത്യം ഇതുതന്നെയാണ്.
രാവിലെ എഴുന്നേൽക്കുമ്പോൾ തൊട്ട് രാത്രി ഉറങ്ങുന്നത് വരെ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഈ 'ട്യൂണിംഗിന്റെ' ഭാഗമാണ്. ഉദാഹരണത്തിന്, ഓഫീസിലെ തിരക്കിനിടയിൽ വിശപ്പില്ലാതെ കഴിക്കുന്ന ഒരു പൊതിച്ചോറിനേക്കാൾ, സമാധാനമായി ഇരുന്ന് ആസ്വദിച്ചു കഴിക്കുന്ന ഒരു കഞ്ഞിയിലായിരിക്കും ഒരുപക്ഷേ കൂടുതൽ ആരോഗ്യം ഒളിഞ്ഞിരിക്കുന്നത്.
പല ശാരീരിക ബുദ്ധിമുട്ടുകളും തുടങ്ങുന്നത് നമ്മുടെ ഉള്ളിലെ ആ 'താളം' തെറ്റുമ്പോഴാണ്; വലിയൊരു യാത്ര പോകുമ്പോൾ ബൈക്കിന്റെ ചെയിൻ ലൂസായാൽ ഉണ്ടാകുന്ന ആ ഒരു ചെറിയ അസ്വസ്ഥതയില്ലേ? അത് വണ്ടിയുടെ മൊത്തം ഓട്ടത്തെ ബാധിക്കും. അതുപോലെയാണ് മനസ്സ് അസ്വസ്ഥമാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. നമ്മൾ വെറുതെ ലക്ഷണങ്ങളെ മാത്രം ചികിത്സിച്ചു മാറ്റാൻ നോക്കും, പക്ഷേ പ്രശ്നം കിടക്കുന്നത് ആ ട്യൂണിംഗിലായിരിക്കും.
ഹോമിയോപ്പതിയിൽ നമ്മൾ ചെയ്യുന്നത് ഈ താളം തിരികെ കൊണ്ടുവരിക എന്നതാണ്. ഒരു ചെടിക്ക് വെള്ളം ഒഴിക്കുമ്പോൾ ഇലയിൽ മാത്രം തളിക്കാതെ വേരിലേക്ക് ഒഴിക്കുന്നത് പോലെ, മനുഷ്യനെ ഒരു സമ്പൂർണ്ണ യൂണിറ്റായി കണ്ട് ചികിത്സിക്കുമ്പോഴാണ് യഥാർത്ഥ സൗഖ്യം ഉണ്ടാകുന്നത്.
നല്ലൊരു സിനിമ കാണുന്നത്, പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത്, വൈകുന്നേരം ഒന്ന് നടക്കാൻ ഇറങ്ങുന്നത് ഇതൊക്കെ വെറും വിനോദങ്ങളല്ല, മറിച്ച് നമ്മുടെ ശരീരത്തിനുള്ള സർവീസിംഗാണ്.
ഈ ലോകാരോഗ്യ ദിനത്തിൽ നമുക്ക് ചിന്തിക്കാം, നമ്മൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും എത്രത്തോളം സ്നേഹത്തോടെ പരിചരിക്കുന്നുണ്ടെന്ന്. വെറും മരുന്നുകളിലല്ല, മറിച്ച് നമ്മൾ ജീവിക്കുന്ന രീതിയിലാണ് യഥാർത്ഥ ആരോഗ്യം.
എല്ലാവർക്കും ലോകാരോഗ്യ ദിനാശംസകൾ!

Comments
Post a Comment