ഹൃദയം നിറച്ച മറ്റൊരു അനുഭവം
ഇന്ന് രാവിലെ മോളെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട് പതിവിലും നേരത്തേ ക്ലിനിക്കിൽ എത്തിയപ്പോൾ എന്നെ കാത്തുനിന്നത് രണ്ടാഴ്ച മുൻപ് വന്ന ഒരു അപ്പൂപ്പനാണ്. അന്ന് വരുമ്പോൾ അദ്ദേഹത്തിന് മലദ്വാരത്തിലൂടെ നിർത്താതെ രക്തസ്രാവമായിരുന്നു പ്രശ്നം. ഒരുപാട് മരുന്നുകളും പരിശോധനകളും നടത്തി ഒടുവിൽ കാൻസറാകാം എന്ന നിഗമനത്തിലെത്തിയിരുന്നു. ബയോപ്സി ചെയ്യാൻ തൽക്കാലം അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്. 'ഇവിടെ നല്ലൊരു ഡോക്ടറുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് വന്നതാണ്' എന്ന് അദ്ദേഹം പറഞ്ഞു. സംഭവം എൻ്റെ അച്ഛനെപ്പറ്റി (Dr. Peethambaran M S) ആരോ പറഞ്ഞതാണ്. എന്തായാലും വന്നതല്ലേ, ഞാൻ മടക്കി അയയ്‌ക്കേണ്ട എന്ന് കരുതി കാര്യങ്ങൾ വിശദമായി തന്നെ ചോദിച്ചറിഞ്ഞു.
നിർത്താതെ ബ്ലഡ് പോകുന്നുണ്ടായിരുന്നു. എപ്പോഴും അഡൾട്ട് ഡയപ്പർ ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. കാൻസറാണെന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞിരുന്നു, പക്ഷേ ഇതുവരെ ബയോപ്സി ചെയ്യാൻ പറ്റിയിട്ടില്ല. മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും ബ്ലീഡിംഗിന് ഒരു കുറവുമില്ലായിരുന്നു. അങ്ങനെ ഞാൻ മരുന്നൊക്കെ കൊടുത്ത് രണ്ടാഴ്ച കഴിഞ്ഞു വന്നു കാണാൻ പറഞ്ഞ് വിട്ടു. അടുത്ത തവണ വരുമ്പോൾ അച്ഛനുള്ള സമയത്ത് തന്നെ വന്നോളാം എന്നൊക്കെ പറഞ്ഞാണ് അന്ന് പോയത്. ആ അപ്പൂപ്പനാണ് ഇപ്പോൾ ക്ലിനിക്ക് തുറക്കുന്നതിന് മുൻപേ വന്നു നിൽക്കുന്നത്.
സംഭവം കാൻസറാകാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ വലിയ മാറ്റങ്ങളൊന്നും ഞാനും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ കുശലാന്വേഷണം പോലെ 'എങ്ങനെയുണ്ട് ഇപ്പോൾ?' എന്ന് ചോദിച്ചു.
അദ്ദേഹം പറഞ്ഞ മറുപടി സത്യത്തിൽ എന്നെയും അത്ഭുതപ്പെടുത്തി. മുഖം നിറയെ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത് 'ഇത്ര വേഗം ബ്ലീഡിംഗ് നിൽക്കുമെന്ന് ഞാൻ വിചാരിച്ചില്ല' എന്നാണ്. പക്ഷേ കൺസൾട്ടിംഗ് റൂമിൽ കയറി കാര്യങ്ങൾ കൂടുതൽ ചോദിച്ചപ്പോൾ മനസ്സിലായി, അദ്ദേഹം തൻ്റെ സന്തോഷം കാരണം അല്പം കൂട്ടിപ്പറഞ്ഞതാണെന്ന്. ബ്ലീഡിംഗ് പൂർണ്ണമായി നിന്നിട്ടില്ല. 😊 പക്ഷേ ഇപ്പോൾ മലം പോകുമ്പോൾ മാത്രമായി കുറഞ്ഞിട്ടുണ്ട്. ഇത്രകാലം ഉണ്ടായ ബുദ്ധിമുട്ടിൽ നിന്ന് കിട്ടിയ ആശ്വാസം അദ്ദേഹത്തെ നല്ല ഹാപ്പിയാക്കിയിരുന്നു. ഞാനും ഹാപ്പി. എത്രയും വേഗം ബാക്കി ടെസ്റ്റുകളും ബയോപ്സിയും ഒക്കെ ചെയ്യാൻ പറഞ്ഞ് ഒരു രണ്ടാഴ്ചകൂടി കഴിക്കാനുള്ള മരുന്നും കൊടുത്ത് വിട്ടിട്ടുണ്ട്.
NB: മുകളില്‍ കൊടുത്തിരിക്കുന്ന മരുന്നിൻ്റെ ചിത്രം ഒരു graphical reference മാത്രം ആണ്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ഡോക്റ്ററെ കണ്ട് മാത്രം ചികിത്സ നടത്തുക
Comments
Post a Comment